ഹരിത കര്‍മസേനയും സ്മാര്‍ട്ടാവും

അജൈവ മാലിന്യങ്ങളുടെ ശേഖരണവും സംസ്‌കരണവും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തില്‍ ഈമാസം ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് ആപ്ലിക്കേഷൻ നിലവില്‍വരും.

ഹരിത കര്‍മസേനയും സ്മാര്‍ട്ടാവും

തൃക്കരിപ്പൂർ: ഹരിതകർമസേന അംഗങ്ങള്‍ ഹരിതമിത്രം ആപ് ഉപയോഗിച്ച്‌ വീടുകളിലും കടകളിലും കയറിയാണ് വിവരശേഖരണവും ശേഷം ക്യൂ.ആർ കോഡ് പതിക്കലും ചെയ്യുന്നത്. ആപ് നിലവില്‍വരുന്നതോടെ പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ ആവശ്യപ്പെടാം. 

തദ്ദേശസ്ഥാപന അധ്യക്ഷർ, അംഗങ്ങള്‍, ഹരിതകർമസേന അംഗങ്ങള്‍, ഉദ്യോഗസ്ഥർ, ശുചിത്വമിഷൻ, ഹരിതകേരള മിഷൻ എന്നീ വിഭാഗക്കാർക്ക് ആപ്പിലൂടെ വിവരങ്ങള്‍ ലഭിക്കും. പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഇത് ഓഫ് ലൈനായും ഓണ്‍ലൈനായും ഉപയോഗിക്കാം. തദ്ദേശം, ജില്ല, സംസ്ഥാനതലം വരെ മോണിറ്റർ ചെയ്യാനുള്ള സംവിധാനമാണ് കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ നടപ്പാക്കുന്ന ഹരിതമിത്രം ഗാർബേജ് ആപ്പിലുള്ളത്. 

വെള്ളാപ്പ് വാർഡ് മെംബർ കെ.എം. ഫരീദ ബീവിയുടെ വീട്ടില്‍ ക്യൂ.ആർ കോഡ് പതിച്ച്‌ തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ്‌ വി.കെ. ബാവ ഉദ്‌ഘാടനം ചെയ്തു. മുൻ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.ജി.സി. ബഷീർ മുഖ്യാതിഥിയായിരുന്നു. വിവരങ്ങള്‍ ഹരിതമിത്രം ആപ്പില്‍ എൻറോള്‍മെന്റ് നടത്തി. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഹാഷിം കാരോളം, വാർഡ് മെംബർമാരായ ഇ. ശശിധരൻ, എം. ഷൈമ, എം. അബ്ദുല്‍ ഷുക്കൂർ, യു.പി. ഫായിസ്, വി.പി. സുനീറ, വർക്കിങ് ഗ്രൂപ് അംഗം എല്‍.കെ. യൂസഫ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ എസ്‌.കെ. പ്രസൂണ്‍, രജിഷ കൃഷ്ണൻ, കെല്‍ട്രോണ്‍ ടെക്‌നിക്കല്‍ അസി. അക്ഷയ് മോഹൻ, ഹരിത കർമസേന സെക്രട്ടറി കെ. ഷീന, പ്രസിഡന്റ്‌ വി.വി. രാജശ്രീ, ഹരിതകർമസേന ഓക്സിലറി ഗ്രൂപ് അംഗങ്ങള്‍ എന്നിവർ പങ്കെടുത്തു.