മാപ്പിള കവിതാ രചനയിൽ മാസ്മരികത തീർത്ത് സുബൈർ പടപ്പിൽ

✍️താജു ബെൽക്കാട്

മാപ്പിള കവിതാ രചനയിൽ മാസ്മരികത തീർത്ത് സുബൈർ പടപ്പിൽ

"നിയതമായ് ലോകരെ ഞാനും ഈ ഭൂമിയിൽ

നില മാറും ജീവിത വിചാരമോടെ

  പല വേഷം പൂണ്ടതിൻ

 അലയൊലി പോലിന്നും

ചിലതോ നിരാശ തൻ മേലേ"

                               കാസറഗോഡ് ഒട്ടേറെ മാപ്പിളപ്പാട്ട് കലാകാരന്മാരെ സംഭാവന ചെയ്ത നാടാണ്. മഹാകവി ടി ഉബൈദിന്റെ പിൻഗാമികളായി ഒട്ടനവധി മാപ്പിള കവികൾ അവരുടെ കവിതകളുടെ രചനാ വൈഭവം കൊണ്ട് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.ആ നിരയിലേക്ക് കവിതകളുടെ പുതിയ രചനാസ്വാദനം തീർത്ത് കടന്ന് വന്നിരിക്കുകയാണ്  പടപ്പിൽ മുഹമ്മദിൻ്റെയും സൈനബിയുടെയും പുത്രനായ നെല്ലിക്കുന്ന് സ്വദേശി സുബൈർ പടപ്പിൽ..

മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി (കൊണ്ടോട്ടി) സംഘടിപ്പിച്ച സംസ്ഥാന തല രണഗീതം രചനാ മത്സരത്തിൽ പ്രശസ്തമായ 'കമ്പളത്ത് രണഗീതം പുരസ്‌കാരം' നേടിയപ്പോഴാണ് 'സുബൈർ പടപ്പിൽ' എന്ന മാപ്പിള കവിയുടെ മേന്മ അറിയപ്പെടുന്നത്.അത് വരെയില്ലാത്ത പുതിയ ശൈലി വരികളിൽ ആസ്വദിക്കാൻ കഴിയുന്നു എന്നതാണ് സുബൈർ പടപ്പിലിനെ വ്യത്യസ്തമാക്കുന്നത്.

നെല്ലിക്കുന്ന് എ.യു.പി സ്കൂൾ. മാനേജ്മെൻ്റ് കമ്മിറ്റ്, സ്റ്റാഫ്, പി.ടി.എ., ഫാസ്ക് ക്ലബ്ബ്, ടീം കാസറഗോഡിന്റെ ആദരം ഉൾപ്പെടെ നാട്ടിലെ സാമൂഹ്യ, രാഷ്ട്രീയ സംഘടനകളുടെയും ക്ലബ്ബുകളുടെയും സ്നേഹാദരം ഇതോടെ ഏറ്റുവാങ്ങി കഴിഞ്ഞു സുബൈർ പടപ്പിൽ.

മാപ്പിളപ്പാട്ടിനോടുള്ള താല്പര്യം..?

മദ്രസ പഠന കാലത്ത് തന്നെ മാപ്പിളപ്പാട്ട് മത്സരങ്ങളിലും നബിദിന ഘോഷയാത്രയിലും സ്ഥിരം സാന്നിധ്യം അറിയിച്ചിരുന്നു. അന്ന് മുതലേ പാട്ടിനോട് അല്പം ഇഷ്ടക്കൂടുതൽ ഉണ്ടായിരുന്നു.സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞതിന് ശേഷമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്..

വഴിത്തിരിവ്...?

യശ:ശരീരനായ പടന്ന അബൂബക്കർ എന്ന ഗായകനെ പരിചയപ്പെട്ടത് വഴിത്തിരിവായി കാണുന്നു. ആ ബന്ധം ആഴത്തിൽ വേരുറച്ചു.താരാട്ട് പാട്ട്, ആശംസ ഗാനങ്ങൾ ഏറെ ശ്രദ്ധയാർജ്ജിച്ച 90 കളിൽ, നെല്ലിക്കുന്നിലെ ഒരു കൂട്ടം കലാസ്വാദകർ ചേർന്ന് ഫ്രണ്ട്‌സ് ഓർക്കേസ്ട്രാ എന്ന പേരിൽ ഒരു ട്രൂപ് നെല്ലിക്കുന്നിൽ തുടങ്ങി. കണ്ണൂരിൽ നിന്നുള്ള ഖാദർ പെരുമ്പയും , തബലിസ്റ്റ് നാസറും ചേർന്നാണ് സംഗീതം നൽകിയിരുന്നത്. നെല്ലിക്കുന്നിലെ കുറച്ചു ഗായികാ ഗായകന്മാർ അതിൽ പങ്കാളികളായി. പിന്നീടത് ഫോർട്ട്‌ റോഡിലെ ത്രീ സ്റ്റാർ ബിൽഡിംഗിലേക്ക് മാറ്റുകയായിരുന്നു.

ഓർക്കേസ്ട്രാ വായിച്ചിരുന്നത് സ്വാതി വിജയൻ, ഹസൻഭായി, മുരളി തുടങ്ങിയ അന്നത്തെ കലാകാരന്മാരായിരുന്നു..

രചനയിലേക്ക്...?

അന്നൊക്കെ ഓരോ ഇശലുകളിൽ മാപ്പിളപ്പാട്ടുകൾ എഴുതി കുറിക്കുന്ന പതിവുണ്ടായിരുന്നു.. കവി പി. എസ് ഹമീദുമായി ബന്ധം ഉള്ളത് കൊണ്ട് എഴുതിയ മാപ്പിളപ്പാട്ടുകൾ നോക്കി അഭിപ്രായം അറിയാൻ അദ്ദേഹത്തെ ഏൽപിച്ചു. രചന നോക്കിയ അദ്ദേഹം പറഞ്ഞത്, "സുബൈറേ, നീ ഇനി മാപ്പിളപ്പാട്ടുകൾ എഴുതരുത് "എന്ന്.

 ആദ്യം കേട്ടപ്പോൾ ഞെട്ടിയെങ്കിലും അദ്ദേഹം അതിന്റെയൊപ്പം പറഞ്ഞത് 'എഴുത്തിൽ കവിതാംശമാണ് കൂടുതൽ.., അതിനാൽ കവിത കൂടി എഴുതാൻ ശ്രദ്ധിക്കുക 'എന്ന്.അതൊരു അംഗീകാരമായി കണ്ടു. അതിനിടയിൽ നിരവധി മദ്ഹ് ഗാനങ്ങളും, ഭക്തിഗാനങ്ങളും,ആശംസാ ഗാനങ്ങളും രചിച്ചിരുന്നു.

പ്രവാസ ലോകത്തേക്ക്...?

പാട്ടുവഴിയിലൂടെ നീങ്ങുന്നതിൽ വീട്ടുകാർക്ക് എതിർപ്പായിരുന്നു.അത് കൊണ്ട് തന്നെ ജോലിക്കായി സൗദിയിലേക്ക് പറക്കേണ്ടി വന്നു. മനസ്സില്ലാ മനസ്സോടെ ആയിരുന്നു യാത്ര. സഹോദരൻ്റെ കാസറ്റ് ഷോപ്പിലേക്കാണ് എത്തിപ്പെട്ടതെന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി. മാപ്പിളപ്പാട്ടും, കവിതകളും ജീവ വായുവായി കൊണ്ട് നടക്കുന്ന താൻ അനേകം ഭാഷകളിൽ ഇറങ്ങിയ പാട്ടുകളുടെയും കവിതകളുടെയും കാസറ്റ് ശേഖരണത്തിലേക്ക് എത്തിപ്പെട്ടത് ഒരു നിമിത്തമായി കണ്ടു. മലയാളം,ഹിന്ദി, തമിഴ്, ഉറുദു, ഉൾപ്പെടെ പല ഭാഷകളിലെയും വരികൾ കേട്ട് ആകൃഷ്ടനായിട്ടുണ്ട്. ഗസലുകളായിരുന്നു ഏറെയിഷ്ടം.അവിടെയും ഒരു ഗായകൻ പരിചിതനാകുന്നത് യാദൃശ്‌ചികം .

പ്രശസ്ത ഗായകനായ എക്സ്.എൽ.മൊയ്തീൻ വാഴക്കാട്, ഒപ്പം കാസറഗോഡിലെ മാപ്പിളപ്പാട്ടിൻ്റെ ഗവേഷകൻ അബ്ദുൽ ഖാദർ വിൽറോഡി ഉസ്താദും  അവരുടെ നിരന്തര പ്രോത്സാഹനം എഴുത്ത് തുടരാൻ കാരണമായി.

1992 ൽ ഗായകൻ എക്സൽ, ഗായിക സിബില്ല സദാനന്ദൻ, പ്രശസ്ത സംഗീത സംവിധായകൻ കെ.വി.അബൂട്ടി ടീമൊരുമിച്ച് 'ഫത്താഹിൻ ഗീതം' എന്ന കാസറ്റിൽ, ഫറോഖ് കോളേജ് പ്രൊഫസർ മുഹമ്മദ് കുട്ടിയടക്കം പി.എസ്. ഹമീദും, ഇ.കെ.എം. പന്നൂരൊപ്പം പാട്ടെഴുതാൻ പ്രാപ്തനാക്കി എന്നതിൽ ഇന്നും അഭിമാനിക്കുന്നു.

  ആവശ്യപ്പെട്ടവർക്ക് മടിയില്ലാതെ കഴിവനുസരിച്ച് എഴുതി കൊടുക്കുകയും ചെയ്തിട്ടുണ്ട്. പ്രശസ്ത ഗായകരാൽ ആലപിക്കപ്പെടാൻ എന്ന നിലക്ക് നാട്ടിലേക്ക് എഴുതി കൊണ്ടു പോയ പാട്ടുകൾ പ്രശസ്ത ഗായകർ ആലപിച്ചത് കേട്ടപ്പോൾ സന്തോഷം തോന്നിയെങ്കിലും, ആ രചന മറ്റൊരാളുടെ പേരിൽ കണ്ടപ്പോൾ സങ്കടം തോന്നി.ആ ഒരു അനുഭവത്തിന് ശേഷം എഴുതാൻ താത്പര്യം കുറഞ്ഞത് കൊണ്ട് എഴുത്തിനോട് വിട പറയാൻ തീരുമാനിക്കുകയായിരുന്നു. പ്രവാസം വിട്ട് ഏറെ വർഷങ്ങൾ കഴിഞ്ഞിട്ടും എഴുത്തിനോട് താല്പര്യം തോന്നിയില്ലായിരുന്നു.

വീണ്ടും രചനയിലേക്ക് വരാൻ..?

വീണ്ടും ഒരു നിമിത്തമെന്നോണം വിൽറോഡി ഉസ്താദിൻ്റെ ഇടപെടൽ മൂലം മൂന്ന് വർഷം മുമ്പ് കവിയും മുദരിസുമായ എം.എച്ച് വള്ളുവങ്ങാടിൻ്റെ ശിക്ഷണത്തിൽ മുർശിദീ ഇശൽ ബിശാറയെന്ന രചന ഗ്രൂപ്പിൽ അംഗമാകുകയും , തനിമയാർന്ന പാട്ടുകളും , കവിതകളും, നിയമമനുസരിച്ച് രചിക്കാനുള്ള അവസരം കൈവരിക്കുകയും പുരസ്കാരം ലഭിക്കാനുതകുന്ന തരത്തിൽ പ്രാപ്തനാക്കുകയും ചെയ്തുവെന്നതാണ് സത്യം.

അതോടെ വായാനാ ശീലം ധാരാളമാവുകയും, കവിതകൾ മനം കവരുകയും ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സഹപ്രവർത്തകരുടെയും, സഹോദര തുല്യരായ കൂട്ടുകാരുടെയും നിഷ്ക്കളങ്കമായ പ്രോത്സാഹനം കൂടിയായപ്പോൾ വീണ്ടും എഴുതാൻ തുടങ്ങുകയും ചെയ്യുകയായിരുന്നു.

അന്നൊക്കെ കുറിച്ചു വച്ചിരുന്ന ചെറു കവിതകൾ, മാപ്പിളപ്പാട്ടുകൾ നഷ്ടപ്പെട്ടു പോയത് ഇന്നും ജീവിത പുസ്തകത്തിലെ മോശം അദ്ധ്യായമായി കാണുന്നു..

ഇനി ലക്ഷ്യം...?

കവിതാ സമാഹാരം ഇറക്കണമെന്നുണ്ട്. അതിന്റെ പണിപ്പുരയിലാണ്.

ഇമ്പമാർന്ന ഇശലുകളിലൂടെ.., ഭാവനയിൽ വിരിയുന്ന മനോഹര കവിതകളിലൂടെ സുബൈർ പടപ്പിൽ എന്ന കവി രചനകളുടെ മാസ്മരിക ലോകം തീർക്കട്ടെ..

എല്ലാ ഭാവുകങ്ങളും നേരുന്നു..