റേഷൻ കടകള്‍ അടച്ചിട്ട് സമരം നടത്തും

റേഷൻ കടകള്‍ അടച്ചിട്ട് സമരം നടത്തും

കാസർഗോഡ്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ റേഷൻ വ്യാപാരികള്‍ മാർച്ച്‌ ഏഴിന് റേഷൻ കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് റേഷൻ വ്യാപാരി കോ-ഓർഡിനേഷൻ കമ്മിറ്റി ജില്ലാ കണ്‍വൻഷൻ അറിയിച്ചു.

സെക്രട്ടേറിയറ്റിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും മാർച്ചും നടത്തും. 

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാനിയമം നടപ്പിലാക്കുമ്ബോള്‍ റേഷൻ വ്യാപാരികളുടെ സേവന വേതന വ്യവസ്ഥകള്‍ ആറ് മാസത്തിനുള്ളില്‍ പരിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നല്‍കിയ ഉറപ്പ് അഞ്ച് വർഷമായിട്ടും നടപ്പായിട്ടില്ല. കോവിഡ് കാലത്ത് ജനങ്ങളെല്ലാം ജീവരക്ഷാർഥം വീട്ടിലിരിക്കുമ്ബോഴും സർക്കാർ നല്കിയ പഴംതുണി കൊണ്ടുള്ള മാസ്കുമായി ഭക്ഷ്യധാന്യ വിതരണവും കിറ്റ് വിതരണവും നിർവഹിക്കേണ്ടി വന്നവരാണ് റേഷൻ വ്യാപാരികള്‍. 

63 റേഷൻ വ്യാപാരികളാണ് സംസ്ഥാനത്ത് കോവിഡ് പിടിപെട്ട് മരണമടഞ്ഞത്. കിറ്റ് വിതരണം നടത്തിയതിനുപോലും റേഷൻ വ്യാപാരികള്‍ക്ക് ഒന്നും നല്‍കിയില്ല. 

ക്ഷേമനിധിയുടെ പേരില്‍ റേഷൻ വ്യാപാരികള്‍ക്ക് ലഭിക്കുന്ന തുച്ഛമായ കമ്മീഷനില്‍ നിന്നുപോലും പിടിച്ചുപറിക്കുന്ന നിലയാണ്. അരിവിഹിതം വെട്ടിക്കുറച്ചതോടെ വ്യാപാരികള്‍ക്ക് ലഭിക്കുന്ന ശരാശരി പ്രതിമാസ കമ്മീഷൻ 18000 രൂപയില്‍ താഴെയായി. 

മുറി വാടകയും വൈദ്യുതച്ചെലവും സഹായിയുടെ വേതനവും കഴിച്ചാല്‍ ജീവിക്കാനുള്ള കാശുപോലും കിട്ടാതെയായി. റേഷൻ കാർഡ് സംബന്ധിയായ എന്ത് ജോലി ചെയ്താലും അക്ഷയ കേന്ദ്രങ്ങള്‍ക്ക് 50 രൂപ ഫീസ് വാങ്ങാം. 

പക്ഷേ സംസ്ഥാനത്തെ ഒന്നരക്കോടിയോളം വരുന്ന ബിപിഎല്‍, എഎവൈ കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് ജോലികള്‍ ദൈനംദിന ജോലിത്തിരക്കിനിടയിലും അവധി ദിവസങ്ങളിലും ചെയ്തുതീർക്കേണ്ടിവരുന്ന റേഷൻ വ്യാപാരികള്‍ക്ക് ഉപഭോക്താക്കളോ സർക്കാരോ പ്രതിഫലമൊന്നും നല്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാടെന്നും സംഘടനാ നേതാക്കള്‍ ചൂണ്ടിക്കാട്ടി. 

എം. സുരേശൻ മേലാങ്കോട് അധ്യക്ഷത വഹിച്ചു, ബാലകൃഷ്ണ ബല്ലാള്‍, പി. ശരത്ത്, സതീശൻ ഇടവേലി, പി.കെ. അബ്ദുള്‍ റഹിമാൻ, എ. നടരാജൻ, കെ.സി. രവി, സജീവ് പാത്തിക്കര, കെ.പി. തമ്ബാൻ, കെ. ശശിധരൻ, കെ.എൻ. ഹരിദാസ്, ചരണ്‍ ബന്തിയോട്, ജോഷി ജോർജ് എന്നിവർ പ്രസംഗിച്ചു.