ഡ്രൈവിങ് ടെസ്റ്റ് ഇനി എളുപ്പമല്ല
സംസ്ഥാനത്തു ഡ്രൈവിങ് ടെസ്റ്റ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്.
സംസ്ഥാനത്തു ഡ്രൈവിങ് ടെസ്റ്റ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്.
മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തിലെ പാര്‍ട്ട് 2 റോഡ് ടെസ്റ്റ് കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 15(3) അനുശാസിക്കുന്ന കാര്യങ്ങള്‍ പരിശോധിച്ച് വാഹന ഗതാഗതമുള്ള റോഡില്‍ നടത്തുവാന്‍ നിര്‍ദേശം നല്‍കുന്നു. ഗ്രൗണ്ടില്‍ തന്നെ പാര്‍ട്ട് 2 റോഡ് ടെസ്റ്റ് നടത്തുന്നത് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണത്തിലെ വീഴ്ചയായി കണക്കാക്കും.
ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തിലെ ഡ്രൈവിംഗ് ടെസ്റ്റ് പാര്‍ട്ട് 1 (ഗ്രൗണ്ട് ടെസ്റ്റ്) ആംഗുലാര്‍ പാര്‍ക്കിംഗ്, പാരലല്‍ പാര്‍ക്കിംഗ്, സിഗ്‌സാഗ് ഡ്രൈവിംഗ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ ഉള്‍പ്പെടുത്തി പരിഷ്‌കരിക്കും.
പ്രതിദിനം ഒരു MVI യും ഒരു AMVI യും ചേര്‍ന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി ഇതില്‍ 20 എണ്ണം പുതിയ അപേക്ഷകരും 10 എണ്ണം നേരത്തെ പരാജയപ്പെട്ട അപേക്ഷകരുമായിരിക്കണം. 30 എണ്ണത്തില്‍ കൂടുതല്‍ ആയാല്‍ ടെസ്റ്റിങ് കാര്യക്ഷമമായി നടത്താന്‍ കഴിയാത്തതുകൊണ്ടാണ് ഈ മാറ്റം. പരാജയപ്പെട്ട അപേക്ഷകരുടെ എണ്ണം 10ല്‍ കുറവായാല്‍ കുറവ് വരുന്ന എണ്ണം നേരത്തെ അപേക്ഷിച്ച് ടെസ്റ്റിന് ഹാജരാകാന്‍ കഴിയാതിരുന്നവര്‍ക്ക് മുന്‍ഗണന പ്രകാരം നല്‍കാം. 30 എണ്ണത്തിലധികം ടെസ്റ്റ് നടത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ്തല നടപടിയുണ്ടാകും.
ഡ്രൈവിംഗ് ടെസ്റ്റിനായി ഉപയോഗിക്കുന്ന മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂളിന്റെ എല്‍.എം.വി വിഭാഗത്തില്‍പ്പെടുന്ന വാഹനങ്ങളില്‍ ടെസ്റ്റ് റെക്കോര്‍ഡ് ചെയ്യുന്നതിനായുള്ള ഡാഷ്‌ബോര്‍ഡ് ക്യാമറയും വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് ഡിവൈസ് ( VLTD) ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ വാങ്ങി ഘടിപ്പിക്കണം. ടെസ്റ്റ് റെക്കോര്‍ഡ് ചെയ്തു മെമ്മറി കാര്‍ഡ് എം.വി.ഐ കൈവശം കൊണ്ടുപോകേണ്ടതും അതിലെ ഡേറ്റാ ഓഫിസിലെ കംപ്യൂട്ടറിലേക്ക് മാറ്റിയ ശേഷം മെമ്മറി കാര്‍ഡ് തിരികെ നല്‍കേണ്ടതുമാണ്. ഡാറ്റാ മൂന്ന് മാസകാലയളവിലേക്ക് ഓഫീസില്‍ സൂക്ഷിക്കേണ്ടതാണ്.
ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തില്‍ പാര്‍ട്ട് 1 ഡ്രൈവിംഗ് ടെസ്റ്റ് കമ്ബ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റിംഗ് ട്രാക്കില്‍ നടക്കുന്ന സ്ഥലങ്ങളില്‍ ആംഗുലാര്‍ പാര്‍ക്കിംഗ്, പാരലല്‍ പാര്‍ക്കിംഗ്, സിഗ്‌സാഗ് ഡ്രൈവിംഗ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ പ്രത്യേകം ട്രാക്കില്‍ പരിശോധിക്കണം.